പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍ തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ എഴുതിയ 'ഹിഗ്വിറ്റ' ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥയാണ്. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം.പ്രാര്‍ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും വിശ്വാസികളെ സദ്വൃത്തരാക്കുന്നതാണ് പുരോഹിത ധര്‍മം. എന്നാല്‍, ഉള്ളില്‍ തിളക്കുന്ന ഫുട്ബാള്‍ വീര്യം ധര്‍മവ്യതിയാനത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്റെ, വ്യക്തിത്വ പരിണാമത്തിന്റെ കലാപരമായ ആവിഷ്‌കാരം ആയതിനാലാണ് ഹിഗ്വിറ്റ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്. ഈ കഥ ഉള്‍പ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം, 1995ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.