പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജൻമിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.