മഹാബ്രാഹ്മണനായ വരരുചിക്ക് പറയ സ്ത്രീയുടെ ഭർത്താവാകുകയെന്ന നിയോഗത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല; അദ്ദേഹം അതിനു വേണ്ടി ശ്രമിച്ചുവെങ്കിൽ പോലും. പറയിക്കും പതിവ്രതയാകാമെന്നും കുലമഹിമയുള്ള കുട്ടികളെ പ്രസവിക്കാമെന്നും പഞ്ചമി തെളിയിച്ചു. ഒന്നു രണ്ടുമല്ല പന്ത്രണ്ടു കുലങ്ങളാണ് ഈ അസാധാരണ ദാമ്പത്യത്തിൽ നിന്നുണ്ടായത്. ബ്രാഹ്മണനായ അഗ്നിഹോത്രി മുതൽ പറയനായ പാക്കനാർ വരെ ഒരേ മാതാപിതാക്കളുടെ മക്കൾ ജാതി ചിന്തയുടെ അർത്ഥശൂന്യത ഇത്രയും മനോഹരമായി വിളംബരം ചെയ്യുന്ന മറ്റൊരു ഐതിഹ്യമില്ല മലയാള സമൂഹത്തിൽ.