കഥയുടെ മഴ പെയ്യുന്നത് ഒരു ചെറുകാറ്റിനൊപ്പമാണ്. പിന്നെ, പെരുമ്പറകൊട്ടി അത് തിമിർത്തു പെയ്യും. വാക്കുകൾ വായനക്കാരന്റെയുള്ളിൽ പ്രകാശംപരത്തുന്ന മിന്നലാവും. മറ്റൊരാളോട് പറയുന്ന സംഗീതമാവും. സതീഷ്ബാബുവിന്റെ കഥകൾ വേനലിൽ തിമിർത്തു പെയ്യുന്ന പെരുമഴയാണ്. ആ തണുപ്പിൽ സകല ചൂടും ആവിയാകും. സ്വസ്ഥമായി ആശ്വാസത്തിന്റെ വാതിൽ തുറക്കും. പറയാൻ ഒരുപാട് മനസ്സിൽ സൂക്ഷിച്ച ഒരെഴുത്തുകാരന്റെ മനസ്സിലൂറിയ അക്ഷരങ്ങൾ മായ്ച്ചുകളയാനാവാത്ത ഓർമ്മയാകും. മധുപാൽ ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കി യെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകൾ, വരുംകാലലോകത്തിന്റെ വാതായനം എന്നീ കഥകൾക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കൻകാറ്റിൽ പെയ്ത മഴ, രാമകൃഷ്ണ അപ്പാർട്ട്‌മെന്റ്‌സ്, കഫറ്റേരിയ, മൃത്യോർമാ, കോകില വാതിൽ തുറക്കുമ്പോൾ, കച്ചോടം, സ്റ്റോറിബോർഡ്, ക്ലാരയുടെ കാമുകൻ എന്നിങ്ങനെ പതിനഞ്ചു കഥകൾ.