BLOG
നാരായണീയം
നാരായണീയം

മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയ കാവ്യത്തിന് ഒരു നൂതനവ്യാഖ്യായിക - മുരളീരവം. ഡോ. വിശ്വനാഥൻ നമ്പൂതിരി രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വ്യാഖ്യാനം വിപണിയിൽ. നാരായണീയം കാവ്യ സൗന്ദര്യം കൊണ്ടും മേല്പത്തൂരിൻ്റെ ധിഷണാപാടവം കൊണ്ടും വ്യാകരണം തുടങ്ങിയവയിൽ പുലർത്തിയിരിയ്ക്കുന്ന വിശുദ്ധി കൊണ്ടും ശ്രേഷ്ഠമാണ്. മേല്പത്തൂരിൻ്റെ ഗഹനങ്ങളായ അന്യകൃതികളെ അപേക്ഷിച്ച് കൃഷ്ണഭക്തിയുടെ മാധുര്യം കൊണ്ടു മനോഹരമായ മലയാളിയായ കവിയുടെ പ്രസ്തുതകാവ്യം , കേരളീയർക്ക് സുപരിചിതവും അനുപേക്ഷണീയവുമത്രേ. ഈ കൃതിയ്ക്ക് ഇന്നു വരെ പലേ വ്യാഖ്യാനങ്ങളും ഗദ്യങ്ങളായും പദ്യങ്ങളായും വന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും , ഭാഷാപ്രയോക്താക്കളിൽ നടപ്പുഭാഷയുമായുള്ള അകലം നന്നേ പ്രകടമായിരുന്നൂ എന്നതിനാൽ, പുതുസമൂഹത്തിന് അവ കുറഞ്ഞ അളവിലേ പ്രയോജനപ്പെട്ടുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് "മുരളീരവം" വ്യാഖ്യാനം ഉടലെടുക്കുന്നത്. പദം പദച്ഛേദം അന്വയം അർത്ഥം എന്ന നിലയ്ക്കാണീ പുസ്തകത്തിൻ്റെ രചന. നല്ല ഒരു വായന ആശംസിയ്ക്കുന്നു. ഞങ്ങളോട് സംസാരിയ്ക്കൂ : 91 6238 185 166

ഇന്ദുലേഖ - ഒ ചന്തുമേനോൻ
ഇന്ദുലേഖ - ഒ ചന്തുമേനോൻ

1889 ൽ കോഴിക്കോട് സ്പെക്ടേറ്റർ പ്രസ്സിൽ അച്ചടിച്ച മലയാളത്തിലെ ആദ്യ പരിപൂർണ്ണ നോവലായ ഒ ചന്തുമേനോൻ്റെ ഇന്ദുലേഖ എന്ന കൃതിയുടെ ആദ്യ പതിപ്പിൻ്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലും 130 വർഷങ്ങൾക്കിപ്പുറം മനോരമ ബുക്സ് പുന:പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. വായനാമുറികളിൽ ഇന്നു കാണുന്ന ഇന്ദുലേഖയുടെ ശരിയായതും എന്നാൽ, 1890 ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പു മുതൽ കാണാതായതായ അവസാന താളുകൾ അടങ്ങിയതുമായ ഈ പ്രതി സാഹിത്യഗവേഷകനായ ഈ കെ പ്രേംകുമാറിൻ്റെ ഉത്സാഹത്തിലാണ് പുനർമുദ്രണം ചെയ്തിരിയ്ക്കുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിയ്ക്കപ്പെട്ട ഒന്നാം പ്രതി ശേഖരിച്ച് അതിൻ്റെ കെട്ടിനും മട്ടിനും ഭംഗം വരുത്താതെ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന ഈ പതിപ്പാകട്ടെ അത്യാകർഷകവുമായിട്ടുണ്ട്. ഇന്ദുലേഖ പിന്നിട്ട 130 വർഷങ്ങൾ എന്ന തലക്കെട്ടോടുകൂടിയ നൂതനപ്രതിയുടെ പ്രസ്താവനയി ഈ കെ പ്രേംകുമാർ ഈ പതിപ്പിൻ്റെ പ്രസിദ്ധീകരണത്തിന് പ്രേരിപ്പിച്ചതായ സംഗതികളെ അനാവരണം ചെയ്യുകയും, അതിൻ്റെ ആവശ്യകതയെന്തെന്നു എടുത്തു പറയുകയും ചെയ്തിരിയ്ക്കുന്നു. മലയാള നോവലിൻ്റെ അവസാന ഭാഗം, കഥാതന്തുവിൻ്റെ പര്യവസാനാനന്തരം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ലോകരെ പ്രേരിപ്പിയ്ക്കുന്ന ഗ്രന്ഥകാരൻ്റെ തുറന്ന പ്രസ്താവനയോടുകൂടിയാണ് അവസാനിയ്ക്കുന്നത്. ചില ഗൂഢലക്ഷ്യങ്ങൾ നിമിത്തമായിട്ടോ വൈരുദ്ധ്യാത്മകം എന്ന തോന്നൽ കൊണ്ടോ നീക്കപ്പെട്ട ഈ ഭാഗം പുന:ശേഖരിച്ച് അതിനെ പഴയ ചേതനയോടെ പ്രസിദ്ധീകരിയ്ക്കാൻ പുറപ്പെട്ട ഈ പ്രവൃത്തി ശ്ലാഘനീയമാണെന്നു പറയാതെ വയ്യ. മലയാളികളുടെ വായനക്കും വായനാമുറികൾക്കും അലങ്കാരമായിത്തീരേണ്ടുന്ന ഈ പുതുപതിപ്പിൻ്റെ കോപ്പികൾ ലഭ്യമായിത്തുടങ്ങിയിരിയ്ക്കുന്നു. വായനക്കാർക്ക് നല്ലൊരു വായനഅനുഭൂതി ആശംസിയ്ക്കുന്നു. https://www.booksdeal.in/product/indulekha-chandu-17829

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം മുകുന്ദൻ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം മുകുന്ദൻ

അഭിലാഷങ്ങളുടെയും വ്യഥകളുടെയും നനവും നോവും പേറി മയ്യഴിപ്പുഴ കടലിനെ പൂണ്ടുകൊണ്ടേയിരിയ്ക്കുന്നു. മയ്യഴിപ്പുഴയൊഴുകുന്നിടത്തോളം എം മുകുന്ദനെന്ന മയ്യഴിയുടെ കഥാകാരൻ്റെ മനോഹരവൈഖരികളും ആസ്വാദകഹൃദയങ്ങളെ പുൽകിക്കൊണ്ടിരിയ്ക്കും. ഇരുപതുകളുടെ നിറവിൽ മുകുന്ദനെന്ന ചെറുപ്പക്കാരൻ്റെ തൂലിക ചലിച്ചപ്പോൾ മയ്യഴിയുടെ മനസ്സും അതിലെ മഷിയിലലിഞ്ഞിരുന്നു. ഫ്രഞ്ച് കോളനിഭരണത്തിൻ കീഴിൽ നിലനിൽക്കുമ്പോളും പരസ്പരം കൈമാറിയ സംസ്കാരങ്ങളുടെ മേമ്പൊടിയിൽ , ശാന്തമായിരുന്നു മയ്യഴിയുടെ വീഥികൾ.ഫ്രഞ്ച് നാമധേയങ്ങളോടു കൂടിയ മൂന്നു പ്രധാന വീഥികളും മൂന്നു സ്കൂളുകളും ഉൾക്കൊള്ളുന്ന പഴമയുടെ സുഖമൊന്നു വേറെയാണ്. കുറമ്പിയമ്മയുടെ മുത്തശ്ശിക്കഥകളായി പറഞ്ഞുതുടങ്ങുന്ന മയ്യഴിയുടെ പഴങ്കഥകൾ, ക്രമേണ ലെസ്ലീ സായ്വിൻ്റേയും, മെസ്സിയുടേയും, ഗസ്തോൻ സായ്വിൻ്റേയും , കുഞ്ചക്കൻ്റേയും, കോലധാരികളായ മലയക്കുടുംബത്തിൻ്റേയും, കുഞ്ഞനന്തന്മാഷുടേയും, കുഞ്ഞിച്ചിരുതയുടേയും കഥകളായി പരിണമിയ്ക്കുന്നു. പ്രധാന കഥാപാത്രമായ രാമു റൈട്ടറുടെ മകൻ ദാസനാണ് കഥാതന്തുവെ പിന്നീട് മുൻ നടത്തുന്നത്. ചെറുപ്പത്തിലേ ഗൗരവക്കാരനായി പഠിച്ചു വളർന്ന ദാസൻ, ഫ്രഞ്ച് ഗവണ്മേൻ്റിൻ്റെ ചെലവിൽ ഉപരിപഠനം നടത്തിയവനാണ്. എന്നിട്ടു കൂടി കമ്മ്യൂണീസത്തിൽ ആകൃഷ്ടനാവുകയും, മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തിന് കൂട്ടാവുകയും ചെയ്തു എന്നതിനാൽ, ദാസന് ഉയർന്ന ഉദ്യോഗവും ശമ്പളവും ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ച രാമു റൈട്ടർക്കും കൗസുവമ്മയ്ക്കും കുറമ്പിയമ്മയ്ക്കും അവ കേവലം സ്വപ്നങ്ങളായി അവശേഷിച്ചു. ചന്ദ്രിക എന്ന ചെറുപ്പക്കാരിയോട് ദാസനുണ്ടായിരുന്ന പ്രണയവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രയത്നത്തിനിടയിൽ പൂവിടാതെ കൊഴിഞ്ഞു. ബന്ധുക്കൾ നിശ്ചയിച്ചതു പ്രകാരം വിവാഹത്തിനു താത്പര്യമില്ലാഞ്ഞ ചന്ദ്രിക വിധിയോടൊപ്പം അങ്ങകലെ വെള്ളിയാങ്കല്ലിലേയ്ക്കു ചേക്കേറി. ജയിൽ വാസവും അല്ലലും കഴിഞ്ഞു തിരികെയെത്തിയ ദാസന് തൻ്റെ ശരീരമല്ലാത്ത എന്തെങ്കിലും തനിക്കായി അവശേഷിയ്ക്കുന്നതായി തോന്നിയില്ല. അയാളും അങ്ങു ദൂരെ കണ്ണീർത്തുള്ളിപോലുള്ള വെള്ളിയാങ്കല്ലിൽ ഒരു തുമ്പിയായി പാറിപ്പറക്കാൻ മയ്യഴിയോടു വിടപറഞ്ഞു. മുകുന്ദൻ്റെ കഥാപാത്രങ്ങൾ രോഗങ്ങളും ദാരിദ്ര്യവും നയിച്ച ജീവിതത്തിൻ്റെ നരപ്പും നരകവും തുറന്നു കാട്ടിയിട്ടുണ്ട്. മാതാവിനേയും മീത്തലെ ദൈവങ്ങളേയും അഭിന്നമായി ആരാധിച്ചു പോന്നിരുന്നു അവർ. കുറമ്പിയമ്മേ , ഇത്തിരി പൊടി തരുവൊ? പരന്തീസിൻ്റെ കൂട്ടുകാരിയായ കുറമ്പിയമ്മ , ആനക്കൊമ്പിൽ തീർത്ത പൊടിഡപ്പി ലസ്ലീ സായ്വിനു നീട്ടി : അയ്നെന്താ മോസ്സ്യേ , അത് ചോയ്ക്കാനുണ്ടോ ? ഉശിരൻ കുതിരകളുടെ കുളമ്പടി മാഞ്ഞു. ഗസ്തോൻ സയ്വിൻ്റെ മുറിയിൽ മഞ്ഞ വെളിച്ചം ഏകാന്തവാസത്തിനു കൂട്ടു നിന്നു. ഗിറ്റാറിൽ ഷണ്ഡൻ്റെ ശോകസംഗീതം കടൽപ്പരപ്പിലെ ശാന്തതയിലൂടെ അങ്ങു വെള്ളിയാങ്കല്ലിൽ ചെന്നുറങ്ങി. മയ്യഴി ഒഴുകുകയാണിപ്പോഴും എല്ലാറ്റിനും സാക്ഷിയായി. കാലങ്ങൾക്കിപ്പുറവും നെഞ്ചിൽ തൊടുന്ന മുകുന്ദൻ്റെ അനന്യമായ രചന: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

ഹെർകുലീസ് കഥകൾ
ഹെർകുലീസ് കഥകൾ

ധീരനും വീരനുമായിരുന്ന ഹെർകുലീസിനെ അറിയാത്തവരായി ആരുമില്ല. കൊച്ചു കുട്ടികളുടെ മനം കവരുന്ന സാഹസപ്രവൃത്തികൾ ചെയ്ത ഹെർക്കുലീസ് യുവാക്കളുടെ പോലും വീരസങ്കല്പങ്ങളുടെ സുവർണ്ണാക്ഷരങ്ങൾക്ക് ഭംഗി കൂട്ടുന്നയാളാണ്. ഹീരയുടേയും യുറിസ്തിയോസിൻ്റേയും കുടിലതകളുടെ അതിർ വരമ്പുകളെ ഭേദിച്ച് പന്ത്രണ്ട് ദുഷ്കരപ്രവൃത്തികളും , തൻ്റെ സിദ്ധികളും കൗശലവുമുപയോഗിച്ച് ചെയ്തു തീർത്ത മഹാനായ ഹെർക്കുലീസ് ചെയ്യാൻ നിശ്ചയിക്കപ്പെട്ട ഒരു പ്രവൃത്തിയിൽ നിന്നും പിന്മാറുകയോ പൂർത്തിയാക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ദേവതകളുടെ സഹായത്തോടെയും അല്ലാതെയും ഹെർകുലീസ് ചെയ്ത സാഹസങ്ങളിൽ ഗ്രീക്ക് പുരാണനായകന്മാരും അഗ്നി ഭൂമിയിലേയ്ക്കു കൊണ്ടുവന്ന സൃഷ്ടികാരകനായ പ്രൊമിത്യൂസിനെ പോലുള്ള ഒഴിവാക്കാനാകാത്ത കഥാപാത്രങ്ങളും ഉൾപ്പെടുന്നു. പൂർവ്വകാലങ്ങളിൽ തന്നെ പ്രചാരത്തിലുള്ള ഇത്തരം കഥകളെയും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന ജേക്കബ് ഐപ്പിൻ്റെ ചെറിയ പുസ്തകത്തിൽ സരളവും ലളിതവുമായി ഹെർകുലീസിൻ്റെ ജീവിതം ആഖ്യാനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന കഥകളുടെ ചെറിയൊരു കൂട്ടം വായിയ്ക്കാൻ സന്ദർശിയ്ക്കൂ : https://www.booksdeal.in/product/her-cul-jac-ipe-17087