BLOG
മലയാളപഠനത്തിൻ്റെ രീതിശാസ്ത്രം - ആതിര കെ ആർ
മലയാളപഠനത്തിൻ്റെ രീതിശാസ്ത്രം - ആതിര കെ ആർ

മലയാളഭാഷയെ ആഴത്തിൽ പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ട്, പാലാ സെൻ്റ് തോമസ് കോളേജിലെ മലയാളസാഹിത്യ ഗവേഷകയായ ആതിര കെ ആർ തയ്യാറാക്കിയ പുസ്തകമാണ് 'മലയാളപഠനത്തിൻ്റെ രീതിശാസ്ത്രം'. ഭാഷാപഠനത്തിൻ്റെ ആദ്യപടിയായ വ്യാകരണം മുതൽ ഭാഷാശാസ്ത്രം ഭാഷാചരിത്രം നിഘണ്ടു വിജ്ഞാനം എന്നിവയെ പരിചയിപ്പിച്ചു കൊണ്ട് ആരംഭിച്ച്, സാഹിത്യചരിത്രം , നടപ്പിലുള്ള സിദ്ധാന്തങ്ങൾ എന്നിവയെ പറ്റിയും, ഭാഷയിലെ അന്തരങ്ങൾ , ഡിജിറ്റൽ യുഗത്തിലെ ഭാഷയുടേ സ്ഥിതിയെ പറ്റിയും പഠിതാവിന് ബോധമുണ്ടാക്കാൻ ആതിരയുടെ പുസ്തകം വഴിയൊരുക്കുന്നു. മലയാളാഭാഷാപഠനത്തിനു സഹായകങ്ങളായ ഗ്രന്ഥങ്ങളെ പറ്റിയും, പുസ്തകം പ്രതിപാദിയ്ക്കുന്നുണ്ട്. എഴുത്തച്ഛനെ കുറിച്ച് കേരളസാഹിത്യ ചരിത്രത്തിലും കൈരളിയുടെ കഥയിലുമുള്ള പരാമർശങ്ങളെ ഗ്രന്ഥകാരി വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. അവയുടെ താരതമ്യപഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിതാക്കൾക്ക് കൂടുതൽ അറിവുപകരുന്ന സഹായകഗ്രന്ഥങ്ങളെ പറ്റിയും ഈ പുസ്തകം പ്രതിപാദിയ്ക്കുന്നുണ്ട് എന്നതിനാൽ വിദ്യാർത്ഥികൾക്ക് ഭാഷാപഠനത്തിലുള്ള ഉത്സാഹം വർദ്ധിപ്പിയ്ക്കാൻ ഈ പുസ്തകം സഹായകമാവുമെന്നത് തീർച്ചയാണ്

ഋതുഭേദങ്ങളുടെ പാരിതോഷികം - പത്മരാജൻ
ഋതുഭേദങ്ങളുടെ പാരിതോഷികം - പത്മരാജൻ

ജീവിതങ്ങളുടെ ഇരുട്ടറകളിൽ അറച്ചിരിയ്ക്കുന്ന നഗ്നചിന്തകളെ , പട്ടും പൂവ്വും ചൂടിച്ച് , അസത്യങ്ങളായ ആഭരങ്ങളണിയിച്ചു നടത്തുന്ന സമൂഹത്തിൻ്റെ കാപട്യം തുറന്നു കാട്ടുകയാണ് പത്മരാജൻ. കാഴ്ചക്കാരന് കേവലം ഭ്രാന്ത് എന്നെഴുതിത്തള്ളാൻ മാത്രമാകുന്ന , എന്നാൽ, നി:സംഗതയുടെ , നിർവ്വേദത്തിൻ്റെ , നിരാശയുടെ തലപൊക്കാനാവാത്ത ആത്മാഭിമാനങ്ങളുടെ , അനഭിലഷണീയങ്ങളായ കയ്പുകളുടെ , ഉൾവലിയലിൻ്റെ കഥകളായ, ഓരോ വിഭ്രാന്തികളുടെയും ഓരോ ജീവച്ഛവങ്ങളൂടെയും മൗനങ്ങളെ, തുറന്നു പറയിപ്പിയ്ക്കുകയാണ് ഈ നോവൽ . ജീവിതയാത്രയിൽ പൂവ്വും പ്രസാദവും തന്നനുഗ്രഹിയ്ക്കേണ്ടവർ, താങ്ങും തണലുമാകേണ്ടവർ, അനാശാസ്യങ്ങളായ അനുഭവങ്ങളുടെ പെരുമഴയത്ത്, തുള വീണ കുടയായി ജീവിതം വലയ്ക്കുമ്പോൾ , ശവങ്ങളെ പോലെ നിശ്ചേഷ്ടരാകേണ്ടി വന്നവർ അങ്ങനെ നിരവധി പേരുടെ ഡയറിക്കുറിപ്പാണ് ഈ നോവൽ എന്നു തോന്നും. ഋതുഭേദങ്ങൾ പലപ്പോഴും സമ്മാനിയ്ക്കുന്ന പാരിതോഷികങ്ങളിൽ മുത്തും പാഴ്പായലും വേർതിരിയ്ക്കാനാകാതെ, വിജൃംഭിച്ചു പോയ ജീവിതങ്ങളെയൊക്കെയും, ബാബു എന്ന രണ്ടക്ഷരത്തിലൂടെ പത്മരാജൻ തുറന്നു വെയ്ക്കുന്നു. വായനക്കാരനെ അവാച്യമായ ചിന്താതരംഗങ്ങളിലെത്തിയ്ക്കുന്ന ഈ നോവൽ ഏതൊരു സാഹിത്യാസ്വാദകനും വായിയ്ക്കേണ്ടതു തന്നെ.