പുഷ്പരാജ് ചെന്നപ്പോൾ ഡോക്‌ടർ കേശവൻ ഒരു തടിച്ച പുസ്തകം കയ്യിൽ വച്ചുകൊണ്ട് വാതിൽ തുറന്നു. “വരൂ, ഇരിക്ക് എന്തൊക്കെയുണ്ട് വിശേഷം ?” ഡോക്ടർ തിരക്കി. പുഷ്പരാജ് ഡോക്ടർ നോക്കിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൽ ശ്രദ്ധിച്ചു. “ഇതെന്താ കൊള്ളാമല്ലോ.” പുഷ്‌പരാജ് ആ പുസ്‌തകം കയ്യിലെടുത്തു. തുറന്നു വച്ചിരിക്കുന്ന പുസ്‌തകത്തിൻ്റെ വലതുവശത്തെ പേജിൽ ഒരു കൈത്തലത്തിൻ്റെ വിരലടയാളങ്ങൾ പ്രിൻ്റു ചെയ്‌തിരുന്നു. “എന്താ രേഖാശാസ്ത്രം പഠിക്കുന്നുണ്ടോ ?” പുഷ്പരാജ് ചോദിച്ചു. “വളരെ വിചിത്രമായ കൈത്തലങ്ങളുടെ ചിത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു പുസ്തകമാണിത്. ഈയിടെ ഒരു അമേരിക്കൻ സുഹൃത്ത് കൊണ്ടുവന്നതാണ്.” ഡോക്ടർ കേശവൻ പറഞ്ഞു. പുഷ്പരാജ് മരണം നടന്ന മുറിയിലെ ചുവരിൽ പതിഞ്ഞിരുന്ന വിരലടയാളത്തെക്കുറിച്ച് പെട്ടെന്ന് ഓർമ്മിച്ചു.