എന്തുകൊണ്ടാണ് മഹാഭാരതത്തെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നു വിളിക്കുന്നത്? ഉടമസ്ഥാവകാശത്തിന്റെയും പകർപ്പവകാശത്തിന്റെയും ആയ ഈ ലോകത്തിൽ ഉടമസ്ഥാവകാശമില്ലാത്തതും ആർക്കും ഇഷ്ടംപോലെ മാറ്റിപ്പണിയാവുന്നതുമായ ഒരു ഉത്പന്നമാണ് സ്വതന്ത്ര സോഫ്റ്റ് വെയർ. മഹാഭാരതവും അങ്ങനെയാണ്. അത് ആർക്കും പരിഭാഷ ചെയ്യാം. സംഗ്രഹിക്കാം. സിനിമയാക്കാം. നാടകമോ ശില്പമോ ചിത്രമോ സീരിയലോ ആക്കി അവതരിപ്പിക്കാം. അങ്ങനെയാണ് പലർ ചേർന്ന് എത്രയോ നൂറ്റാണ്ടുകൊണ്ട് എഴുതിയുണ്ടാക്കിയ വ്യാസഭാരതം പല ഭാഷകളിൽ പല മാധ്യമങ്ങളിൽ മാറി മാറി പുനരവതരിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ തുടർച്ചയായ മാറ്റിപ്പണിയലുകൾക്ക് സാധ്യത നൽകുന്ന ഒരു വലിയ കൃതിയെ, ആറായിരം പേജുകളും ഒരു ലക്ഷം ശ്ലോകങ്ങളും ഉള്ള ഒരിതിഹാസത്തെ മറ്റെന്ത് ഉപമകൊണ്ടു വിശേഷിപ്പിക്കും? മഹാഭാരതത്തിന്റെ ശ്രദ്ധേയമായ ഒരു പുതുവായനയാണ് മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ഈ കൃതി.