നിലാവിൽ തുടുത്തുവിടർന്ന നീലത്താമരയുടെ ലാവണ്യദീപ്തി പ്രസരിപ്പിക്കുന്ന തിരക്കഥ. പ്രണയത്തിനിടയിൽ ചുഴികൾ തീർക്കുന്ന ജാതിബോധവും വിഷയാസക്തിയും മനുഷ്യകഥയുടെ സ്വാഭാവികമായ നിമ്നോന്നതികളോടെ എം.ടി. പകർന്നുതരുന്നു. മാനുഷികഭാവങ്ങളുടെ പകർന്നാട്ടങ്ങൾ തെളിഞ്ഞജീവിതത്തെ എങ്ങനെ ഇരുൾമയമാക്കുന്നുവെന്ന് ഓരോ വായനക്കാരനും ഉള്ളിൽ ദൃശ്യവത്കരിക്കാനുള്ള വാങ്മയങ്ങൾ എം.ടി. കരുതിവെച്ചിട്ടുണ്ട് ഇവിടെ. കുഞ്ഞിമാളുവും അപ്പുകുട്ടനും ഹരിദാസും എല്ലാം അവർക്കു നിയന്ത്രണാധികാരമില്ലാത്ത ഒരു ചരിത്രനിയമത്തിന്റെ ഇരകളാണെന്ന് തിരക്കഥ സാക്ഷ്യപ്പെടുത്തുന്നു. മുപ്പതുവർഷത്തിനുശേഷം വീണ്ടും വിടർന്ന നീലത്താമരയുടെ തിരക്കഥയും പഴയ തിരക്കഥയും ഒറ്റ പുസ്തകത്തിൽ.