ചില പുസ്തകങ്ങൾ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ പറ്റുന്നവയല്ല. പേജുകളുടെ എണ്ണം കൂടുന്നതുകൊണ്ടല്ല;അതിലെ ഗഹനത കൊണ്ടുകൂടിയാണ്. എന്നാൽ മറ്റു ചില പുസ്തകങ്ങൾ പേജ് എത്ര കൂടുതലാണെങ്കിലും ഒരു ദിവസം കൊണ്ടെങ്കിലും വായിച്ചു തീർക്കാനാവും. അവ നമ്മെ എത്രമാത്രം സ്വാധീനിക്കുന്നു, രസിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു തുടങ്ങിയവയൊക്കെയാണ് അതിനു കാരണം . വെറുതെ വായിച്ചു പോകുക മാത്രമല്ല; വായനയുടെ സുഖം അറിയുകകൂടിയാണ് അത്തരം പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുക. നമുക്കു പരിചയമുള്ള സ്ഥലം, നമുക്കു നല്ല പരിചയമുള്ളതാണ് അതിലെ കഥാപാത്രങ്ങള്‍ മിക്കവയും എങ്കിൽ വായനക്കാരായ നമ്മളും അതിലെ ഒരു കഥാപാത്രമായിപ്പോകുമെന്നു പറയാം. പള്ളിക്കൂടത്തിന്റെ പടി കയറിയവർക്ക്, വിശേഷിച്ച് അധ്യാപനം ഒരു തൊഴിലാക്കിയവർക്ക് ഈ ഇത് ചില ഓർമ്മപ്പെടുത്തലാണ്. നിത്യവും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളെ ചിരിയുടെ നൂലിൽ കെട്ടി ബിനു സാർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ഇത് എന്താണെന്ന് മനസ്സിലാസ്സിലാക്കാൻ പുസ്തകം വായിക്കുക തന്നെയേ മാർഗ്ഗമുള്ളൂ. ഈ ഇത് നല്ലൊരു ഇതാണെന്നു മാത്രമേ ഇപ്പൊ പറയുന്നുള്ളൂ. നർമ്മം കൈകാര്യം ചെയ്യുക എന്നത് അല്പം പ്രയാസപ്പെട്ട പണിയാണ്. സ്വയം ചിരിക്കാതിരിക്കലും മറ്റുള്ളവരെ ചിരിപ്പിക്കലുമാണ് ഹാസ്യത്തിന്റെ കാതൽ. വെറുതെ ചിരിച്ചു തള്ളിക്കളയലല്ല;ചിരിക്കൊപ്പം ചിന്തയും കൂടിയുണ്ടാവണം. മലയാളത്തിൽ ചിരി സാഹിത്യത്തിന്, പള്ളിക്കൂടം കഥകൾക്ക് ആളില്ലാത്ത അവസ്ഥയാണ്. ചിരിപ്പിക്കലാ വട്ടെ സ്ത്രീ വിരുദ്ധവും അശ്ലീലച്ചുവയുള്ളതും വ്യക്തിഹത്യയും ആയിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് സവിശേഷമായ ഇടമുണ്ട്. എന്നാൽ പുസ്തക രൂപത്തിൽ അവ തുലോം പരിമിതമാണ്. ഉത്തരാധുനിക കാലത്തെ നർമ്മസാഹിത്യം എന്ന നിലയിൽ ഗവേഷണ കുതുകികൾക്ക് ഈ പുസ്തകം സഹായഗ്രന്ഥമാക്കാവുന്നതാണ്.