കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിപ്പാവങ്ങളായ നൂറുകണക്കിനു സ്ത്രീകളെ ബലാൽസംഗത്തിന്നിരയാക്കുകയും ചെയ്ത പൊലീസിന്റെയും വനപാലകരുടെയും കൊടുംക്രൂരതകളുടെ കഥ കൂടിയാണിത്. വീരപ്പൻ എന്നൊരാൾ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് പൊലീസുകാർ പോലും സംശയിച്ചിരുന്ന ഒരു കാലത്ത് വീരപ്പനെത്തേടി കാട്ടിലെത്തുകയും അയാളുമായി അഭിമുഖം നടത്തുകയും വീഡിയോ എടുത്ത് ടെലിവിഷനിൽ ദർശിപ്പിക്കുകയും ചെയ്ത നക്കീരൻ പത്രാധിപർ ഗോപാൽ നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഉത്തമ മാതൃക കൂടിയായ ഇക്കഥ വീരപ്പനെപ്പറ്റി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ആദ്യകൃതിയാണ്.