ആധുനിക ഭാരതം സ്വാമി വിവേകാനന്ദന്റെ സൃഷ്ടിയാണ്. വിവേകാനന്ദന്റെ വാക്കുകൾ മാസ്മരിക ശക്തിയുള്ളതാണ്. വിവേകാനന്ദന്റെ ഉദ്ബോധനങ്ങളുടെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല. രാഷ്ട്രപിതാവ് മഹാത്മജിയാണെങ്കിൽ വിവേകാനന്ദൻ രാഷ്ട്രപിതാമഹനാണെന്നാണ് കുട്ടികൃഷ്ണമാരാർ വിശേഷിപ്പിച്ചത്. അത്രമാത്രം ആഴവും വ്യാപ്തിയും നിറഞ്ഞ തായിരുന്നു സ്വാമിജിയുടെ മാതൃരാജ്യസ്നേഹം. സ്നേഹം, ത്യാഗം, ധർമ്മബോധം, സ്വരാജ്യ സ്നേഹം തുടങ്ങിയ ആദർശങ്ങൾക്കു വേണ്ടി പലരും ജീവിതം സമർപ്പിച്ചിട്ടുണ്ടെങ്കിലും സ്വാമി വിവേകാനന്ദനോട് ഉപമിക്കാൻ മറ്റൊരു മഹാത്മാവ് ജന്മം കൊണ്ടില്ല. സ്വാമി വിവേകാനന്ദന്റെ വാക്കുകൾക്ക് മനുഷ്യ ചൈതന്യത്തെ ഉണർത്താൻ ശക്തിയുണ്ട്. ആ ചൈതന്യത്തെ അഗ്നിയാക്കി മാറ്റാനുള്ള ശക്തിയുണ്ട്. ആ തീജ്വാലകളെ ഒരു കാട്ടുതീയായി പടർത്താനുള്ള ശക്തിയുണ്ട്. ആ അഗ്നിയുടെ വീര്യവും ശോഭയും ആവാഹിച്ച് നമുക്കും വിവേകാനന്ദനിലേയ്ക്ക് മടങ്ങാം.